A Brief History of Panamaram – KC Abdul Jabbar

History of Panamram – Introduction

“പനമരം ചരിത്രത്തിനു് ഒരു ആമുഖം”
ഒരു നാടിന്റെ ചരിത്രമുണ്ടാക്കുക എളുപ്പമുള്ള ജോലിയല്ല. ചരിത്രത്തിന്ന് പഴയ ചരിത്രമെന്നോ ,ആധുനിക ചരിത്രമെന്നോ, ഇല്ല. ചരിത്രം ഒരു തുടർച്ചയാണ്. എഴുതപ്പെട്ട പല ചരിത്രങ്ങളും വിജയിച്ചവരുടെ ചരിത്രമാണ്. അത് കൊണ്ട് എഴുതപ്പെട്ടതിനെക്കാൾ അധികമാണ് എഴുതപ്പെടാത്തവരുടെ ചരിത്രം.
ചരിത്രം പലപ്പോഴും ചരിത്രകാരന്റെ വീക്ഷണങ്ങൾക്ക് വിധേയമാണ്. അത് കൊണ്ട് തന്നെ ചരിത്രകാരന്റെ കാഴ്ചപ്പാടുകൾ ചരിത്ര രേഖകളിൽ പ്രതിഫലിക്കും. അത് കൊണ്ട് തന്നെ സത്യസന്ധമായ ചരിത്രമുണ്ടാക്കുക എന്നുള്ളത് ഏറ്റവും ശ്രമകരവും ഗൗരവമുള്ളതുമാണെന്ന ബോദ്ധ്യത്തോട് കൂടി മാത്രമേ നമുക്ക് ഈ പ്രക്രിയയെ സമീപിക്കാൻ കഴിയുകയുള്ളൂ.

പനമരത്തിന് ഒരു ചരിത്രമുണ്ട്. അത് പോരാട്ടത്തിന്റെ ചരിത്രമാണ്. ഏറ്റുമുട്ടലുകളുടെയും കീഴ്പ്പെടുത്തലുകളുടെയും ചരിത്രമാണ്. പനമരത്തിന്റെ ചരിത്രം എഴുതപ്പെടുമ്പോൾ എഴുത്ത് ആരംഭിക്കേണ്ടത് പനമരം കോട്ടയിൽ നിന്നാണ് .ഇന്നവിടെ കോട്ടയില്ല. പകരം അവിടെയുള്ളത് സ്കൂളാണു്.കോട്ട നിന്നിരുന്ന സ്ഥാനത്ത് സ്ഥാപിക്കപ്പെട്ട സ്കൂളായിരുന്നതിനാലാവാം പനമരത്തുകാർ സ്കൂളിനെ “കോട്ടയിലെ സ്കൂൾ ” എന്നും ആശുപത്രിയെ “കോട്ടയിലെ ആശുപത്രി ” എന്നും വിളിച്ചു വന്നത്. 1957 ജൂലായ് 4ന് ആണ് കോട്ടയിലെ സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. ഓലഷെഡ്ഡിലായിരുന്നു തുടക്കം. പാലുകുന്ന് ചന്ദ്രയ്യ ഗൗഡർ, പി.സി.മാധവൻ നമ്പ്യാർ, ഒ.ടി. കുഞ്ഞികൃഷ്ണൻ നമ്പ്യാർ, എൻ.കെ.കുഞ്ഞികൃഷ്ണൻ നായർ, വൈശ്യമ്പത്ത് കുഞ്ഞിമന്മു, കുപ്പത്തോട് മാധവൻ നായർ, പി.എൻ മന്നത്ത്, എന്നിവർ അംഗങ്ങളായ കമ്മിറ്റി സ്കൂളിന് വേണ്ടി പ്രവർത്തിച്ചു.

Education History of Panamaram

history of education in ghss panamaram

1980- 90 കാലഘട്ടം.
ആൺ കുട്ടികളാണെങ്കിൽ ഗുസ്തി,
പെൺകുട്ടികളാണെങ്കിൽ കെട്ട്,
ഇതായിരുന്നു പത്താം ക്ലാസ് കഴിഞ്ഞ ഭൂരിപക്ഷം കുട്ടികളുടെയും അവസ്ഥ.ഇത് ഏറ്റവും നന്നായി അറിയാവുന്നത് കുട്ടികൾക്ക് തന്നെയായിരുന്നു.അത് കൊണ്ട് തന്നെ വലിയ റിസ്ക്ക് എടുത്ത് പഠിക്കണമെന്ന് പലർക്കും തോന്നിയിരുന്നില്ല.
ഇവനെയൊന്നും പഠിപ്പിച്ചിട്ട് ഒരു കാര്യവുമില്ല. ഇവനൊന്നും ഒരു കാലത്തും നന്നാവാൻ പോകുന്നില്ല എന്ന് പച്ചയായി പറയുന്ന ഒരു പറ്റം അധ്യാപകർ,
ഒരിക്കൽ പോലും രക്ഷിതാക്കളുടെ യോഗത്തിൽ പങ്കെടുക്കാത്ത നിരവധി രക്ഷിതാക്കൾ, ഒരു സ്കൂളിന്റെ അക്കാദമിക് മേഖല പുറകോട്ട് പോകാൻ ഇതിലപ്പുറം ഇനിയെന്ത് വേണം…. !!

1957 സഖാവ് ഇ.എം.എസ് ന്റെ നേതൃത്വത്തിലുള്ള ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയാണ് പനമരത്ത് സ്കൂൾ അനുവദിച്ചത്.കമ്യൂണിസ്റ്റ് ഗവർമെണ്ടിന്റെ വിദ്യാഭ്യാസ മേഖലയിലെ വിപ്ലവകരമായ മാറ്റത്തിനൻറ ഭാഗമായി മലബാർഡിസ്ട്രിക് ബോർഡ് നിലവിൽ വന്നു. അന്നത്തെ ബോർഡ് പ്രസിഡണ്ട് പി.ടി.ഭാസ്ക്കരണ പണിക്കരായിരുന്നു സ്കൂൾ അനുവദിക്കുന്നതിന് മുൻകൈ പ്രവർത്തനം നടത്തിയത്.
അതിനു് മുമ്പ്
ഇപ്പോഴുള്ള ഗവ: LP സ്കൂളിൽ തന്നെയായിരുന്നു അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾ പഠിച്ചിരുന്നത്.ബ്രിട്ടീഷുകാർ നിർമ്മിച്ച ഒറ്റകെട്ടിടത്തിലായിരുന്നു സ്കൂൾ. ഓരോ ക്ലാസിലും 20 ൽ താഴെ മാത്രം കുട്ടികൾ. ആകെ നൂറു കുട്ടികളിൽ താഴെ.
ഹെഡ്മാസ്റ്റർ കേളുനായർ .അഞ്ചാം ക്ലാസ് കഴിഞ്ഞാൽ തുടർ പഠനത്തിന് കണിയാമ്പറ്റയിൽ പോകണം. സർക്കാർ എലമെന്റെറി സ്കൂൾ അവിടെയായിരുന്നു. സ്കൂളിലേക്ക് നടന്നായിരുന്നു കുട്ടികൾ പോയിരുന്നത്.

Transportation in Panamaram History

കാളവണ്ടിയായിരുന്നു പ്രധാന വാഹനം. പനമരത്തെ ചില പ്രമാണിമാരുടെ കുട്ടികളെയും കയറ്റി ഒരു കാളവണ്ടി സ്ഥിരമായി സ്കൂളിലേക്ക് പോകാറുണ്ടായിരുന്നു വ ത്രെ! അതിന് പുറകിലായി പാവപ്പെട്ട കുട്ടികൾ നടന്നു പോകാറാണ് പതിവ്.
കുടമണി കിലുക്കി പ്രമാണിമാരുടെ മക്കളെയും കൊണ്ട് കാളവണ്ടി ഓടിയപ്പോൾ കലപില തമാശകൾ പറഞ്ഞ് പനമരത്തെ പട്ടിണിക്കാരായ കുട്ടികൾ കണിയാമ്പറ്റയിലേക്കും തിരിച്ചും കാളവണ്ടിയുടെ പുറകിൽ അത്യുത്സാഹത്തോടെ സ്കൂളിലേക്ക് നടന്നു. അല്ല ഓടി.

History of Panamaram Bridge

T Abdul Majeed, 1957ലെ EMS ഗവർമെണ്ടിലെ കേരളത്തിന്റെ ആദ്യത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി. ഇദ്ദേഹമായിരുന്നു പനമരം പാലം ഉൽഘാടനം ചെയ്തത്.
ശ്രീ :ഡിക്രൂസ് ആയിരുന്നു പണി ഏറ്റെടുത്തത്.വളരെ ഭംഗിയായി പാലത്തിന്റെ പണി പൂർത്തിയായി.
പാലം വരുന്നതിനു് മുമ്പ് തോണിയും ചങ്ങാടവും ആയിരുന്നു ഏക മാർഗ്ഗം. മുളയും മരപ്പലകകളും ഉപയോഗിച്ചാണ് ചങ്ങാടം പണിയുക. ചങ്ങാടം ഉപയോഗിച്ച് ആളെ കടത്തിയ കടവാണു് ഇന്നത്തെ ചങ്ങാട കടവ്.

panamaram bridge

Panamaram in Independance

കോളി മരം.
ധീര ദേശാഭിമാനിയും പഴശ്ശിരാജയുടെ പടത്തലവന്മാരിൽ ഒരാളുമായിരുന്ന തലയ്ക്കൽ ചന്തുവിനെ ബ്രിട്ടീഷുകാർ കൊലപ്പെടുത്തിയതിനു് സാക്ഷിയായിരുന്നു ഈ കോളി മരം. കോളി മരം സംരക്ഷിക്കുന്നതിന് ആദ്യം ഫണ്ട് വെച്ചതും സംരക്ഷണഭിത്തി നിർമ്മിച്ചതും കെ.സി.ജബ്ബാർ പ്രസിഡണ്ടായി വന്നിട്ടുള്ള LDF പനമരം ഗ്രാമ പഞ്ചായത്ത് ഭരണസമിതിയായിരുന്നു.തുടർപ്രവർത്തനങ്ങൾക്ക് ഫണ്ട് വകയിരുത്തുന്നതിനു് മുമ്പായി ഭരണ സമിതി കാലാവധി പൂർത്തിയാക്കുകയും തെരഞ്ഞെടുപ്പിലേക്ക് പോവുകയും ചെയ്തതിനാൽ തുടർ പ്രവർത്തനം നടത്താൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. തുടർന്നു വന്ന ഒരു ത്രിതല പഞ്ചായത്ത് ഭരണസമിതികളും തലയ്ക്കൽ ചന്തുവിന് സ്മാരകം പണിയാൻ ഫണ്ട് വകയിരുത്തിയില്ല.ഷാനവാസ് എം പി യുടെ നേതൃത്വത്തിൽ പണിഞ്ഞ ഒരു കെട്ടിടം കോളിമരത്തിനോട് ചേർന്ന് പണിതിട്ടുണ്ടെങ്കിലും മ്യൂസിയമെന്ന് ബോർഡ് എഴുതി വെച്ചു എന്നല്ലാതെ മറ്റൊന്നും അവിടെയില്ല. മാറി മാറി വന്ന കേരള കേന്ദ്ര ഗവർമെണ്ടുകളും തികഞ്ഞ അവഗണനയാണ് ഈ വിഷയത്തിൽ കാണിച്ചിട്ടുള്ളത്. സിനിമാ താരം മനോജ് കെ.ജയനെ കൊണ്ടുവന്ന് മാമാങ്കം നടത്തി പോയ ഒരാളെയും പിന്നീട് കണ്ടിട്ടില്ല. അത് കൊണ്ട് തന്നെ വയനാടിന്റെ ടൂറിസ്റ്റ് ഭൂപടത്തിൽ പ്രഥമ സ്ഥാനം ലഭിക്കേണ്ട ഇദ്ദേഹത്തിന് അത് ലഭിച്ചില്ല. എല്ലാം കണ്ടും കേട്ടും പനമരം ഹൈസ്കൂളിനോട് ചേർന്ന് ഇന്നും ഈ കോളി മരം തല ഉയർത്തി തന്നെ നിൽക്കുന്നു.

Bats and Panamaram History

പനമരം ചരിത്രം – എട്ടാം ദിവസം – കെ.സി.ജബ്ബാർ
” വവ്വാലുകൾ പരാതി പറയാറില്ല.”
വവ്വാലുകൾ പരാതി പറയാറില്ല.
വവ്വാലുകൾ മനുഷ്യരെ ഉപദ്രവിക്കാറില്ല.
മനുഷ്യവാസ മേൽക്കാത്ത മരക്കൊമ്പുകളാണ് വവ്വാലുകളുടെ ആവാസകേന്ദ്രം.
വവ്വാലുകൾ രാത്രികളിൽ ഉറങ്ങാറില്ല.
സന്ധ്യകളിലും പ്രഭാതങ്ങളിലും വവ്വാലുകൾ ആകാശത്ത് വട്ടമിട്ടു പറക്കും. പകൽ മുഴുവൻ മരക്കൊമ്പുകളിൽ തലകീഴായി തൂങ്ങിക്കിടക്കും.
പണ്ട് ,
ഞങ്ങളുടെ ചെറുപ്പത്തിൽ,
നിർമ്മിതികേന്ദ്രവും പോലീസ് സ്റ്റേഷനും വരുന്നതിനും മുമ്പ് ,
ഹൈസ്കൂൾ റോഡ് താറിടുന്നതിന് മുമ്പ് ,
ഹൈസ്കൂൾ റോഡിൽ നിന്നും നേരെ പുഴക്കടവിലെത്താൻ ഒരു എളുപ്പവഴി ഉണ്ടായിരുന്നു. ഒരു ഇടവഴി. ഇടവഴി നേരെ ചെല്ലുന്നത് പുതിയതായി ബ്ലോക്ക് പഞ്ചായത്ത് കെട്ടിടം പണിയുന്ന സ്ഥലത്തേക്കാണ്. അവിടെ നിറയെ കുറ്റിച്ചെടികളും പൊന്തക്കാടുകളുമാണ് അതിലെയായിരുന്നു കുളിക്കടവിലേക്കുള്ള വഴി ഇടവഴി ഇറങ്ങി വരുമ്പോൾ വലതു വശത്തായി ഒരു വലിയ പൂള മരമുണ്ടായിരുന്നു. നല്ലവണ്ണവും ആകാശം മുട്ടെ ഉയരവുമുള്ള ഒരു വലിയ പൂളമരം. അതിൽ നിറയെ വവ്വാലുകൾ തൂങ്ങിക്കിടക്കുമായിരുന്നു.
ചില സന്ധ്യകളിൽ പൂള മരച്ചുവട്ടിൽ നിന്നും വെടിയൊച്ചകൾ കേൾക്കും. ഒപ്പം വവ്വാലുകൾ കൂട്ടത്തോടെ ചിറകടിച്ച് പറക്കുന്ന ശബ്ദവും, ” “കടവാതിലിനെ വെടിവെച്ചതാണ് “മുതിർന്നവർ പറയുമായിരുന്നു.പനമരത്തെ പഴമക്കാർ വവ്വാലിനെ കടവാതിലെന്നാണ് വിളിക്കാറുണ്ടായിരുന്നത്. എന്തിനാണ് കടവാതിലിനെ വെടിവെക്കുന്നത് എന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലായില്ല. കാലങ്ങൾ കടന്നു പോയി കാട് നാടായി, പൂളമരം ആരോ മുറിച്ചു. വവ്വാലുകൾ ചിറകടിച്ചു പറന്നു …! പുതിയ മരക്കൊമ്പുകൾ തേടി.ദിവസങ്ങളോളം വവ്വാലുകളെ കണ്ടില്ല. പിന്നീടെപ്പോഴോ പാലത്തിനു് സമീപം വവ്വാലുകളെ കണ്ടു തുടങ്ങി. മഹാപ്രളയത്തിലും ആരോടും പരാതി പറയാതെ അവ തല കീഴായി തൂങ്ങി കിടന്നു. എത്ര നാൾ എന്നറിയില്ല. വവ്വാലുകൾ പനമരത്തിന്റെ അടയാളമാണ്. പനമരത്തിന്റെ മാത്രം! ഇപ്പോഴും ഉത്തരം കിട്ടാത്ത ഒരു ചോദ്യം ബാക്കി നിൽക്കുന്നു. ആരാണ് കടവാതിലിനെ വെടിവെക്കാൻ വന്നവർ? എന്തിനാണ് അവർ കടവാതിലിനെ വെടിവെച്ചത്?

History of Health Sector in Panamaram

ധർമ്മാശുപത്രി .
രാജ ഭരണ കാലത്ത് പ്രജകളുടെ ക്ഷേമം രാജാവിന്റെ ധർമ്മമായിരുന്നു. അങ്ങനെയാണ് അക്കാലത്തെ ആശുപത്രികളെ ധർമ്മാശുപത്രി എന്ന് വിളിച്ചിരുന്നത്. കേരളത്തിൽ ആദ്യമായി ധർമ്മാശുപത്രി സ്ഥാപിച്ചത് തിരുവിതാംകൂർ രാജാക്കന്മാരായിരുന്നു.1819 ൽ റാണി ഗൗരിപാർവ്വതി ഭായി തമ്പുരാട്ടിയായിരുന്നു ആദ്യമായി ആശുപത്രി സ്ഥാപിച്ചത്.1864 ൽ സ്ഥാപിക്കപ്പെട്ട ആശുപത്രിയാണ് ഇന്നത്തെ തിരുവനന്തപുരം ജനറൽ ആശുപത്രി .1928ൽ ആണ് മാനന്തവാടിയിൽ ആശുപത്രി സ്ഥാപിക്കപ്പെടുന്നത്.
പനമരത്ത് ആശുപത്രി സ്ഥാപിച്ചത് ശ്രീ പാലുകുന്ന് ചന്ദ്രയ്യ ഗൗഡരായിരുന്നു. പനമരം അന്ന് കണ്ണൂർ ജില്ലയുടെ ഭാഗമായിരുന്നു. അന്നത്തെ കണ്ണൂർ ജില്ലാ കളക്ടർ ആയിരുന്ന ശ്രീ.ഗോപാലകൃഷ്ണൻ IAS അവർകളാണ് ശ്രീ: പാലുകുന്ന് ചന്ദ്രയ്യ ഗൗഡരുടെ ഫോട്ടോ അനാച്ഛാദനം ചെയ്തത്. പനമരം പഞ്ചായത്തിന്റെ ആദ്യത്തെ പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു ശ്രീ: ചന്ദ്രയ്യ ഗൗഡർ.
ധർമ്മാശുപത്രിയിലെ ചികിത്സ പൂർണ്ണമായും സൗജന്യമായിരിക്കണമെന്നാണു് രാജ നിയമം. രാജാവ് മാറി ജനാധിപത്യം അരങ്ങു വാഴാൻ തുടങ്ങിയപ്പോൾ ധർമ്മാശുപത്രിയുടെ പേര് മാറി. വൈദ്യരെ കാണാൻ കാശ് കൊടുത്ത് ശീട്ട് വാങ്ങേണ്ടിയും വന്നു.!!

 

കെ.സി.ജബ്ബാർ.